Sunday, 30 July 2017

അത്രമേൽ അത്രമേൽ നിശബ്ദമായ് കടന്നു പോയ ഋതുക്കൾ...
കറുപ്പിനുള്ളിലെ കൗതുകങ്ങളില്‍ കാണാതെ പോയ കരിമഷി കണ്ണുകള്‍...♡
മണ്ണിനേയും മഴയേയും ഉടലിലേക്കാവാഹിച്ച് നമ്മുക്ക് വീണ്ടും പ്രണയിക്കണം..പ്രണയിക്കാന്‍ പഠിക്കണം..!
ഓരോ മഴയിലും
മിന്നല്‍ പോലെ
പ്രണയം..!!
നീയെഴുതിയ കവിതകൾ
പോലെയാണെന്റെ
മുടിച്ചുരുളുകൾ...
അത്രമേൽ ത്രസിച്ചു
നിൻ വിരലുകളേറ്റു
വാങ്ങിയിട്ടുണ്ടൊ
രായിരം ചുംബനങ്ങൾ.
എന്‍റെ ചുറ്റും ആയിരം
ശലഭങ്ങള്‍
നൃത്തം ചെയ്യുന്നുണ്ട്.
ചിറകുകള്‍ കൊണ്ട്
ചിത്രങ്ങള്‍ വരയ്ക്കുന്നുണ്ട്.

പൂക്കളോരോന്നിനോടും
യാത്ര പറഞ്ഞ്
പട്ടുമെത്ത തയ്യാറാക്കുന്നുണ്ട്.
പൂമ്പൊടിയാല്‍
കണ്ണുകളെഴുതിയും
പൊട്ടുതൊടീച്ചും
യാത്ര ചോദിക്കുന്നുണ്ട്.
മുല്ലപ്പൂക്കളെന്നും
പുതുമണം മാറാതെ
കനവുകള്‍ കണ്ടിരിപ്പാണ്.
മാദക ഗന്ധം പേറിയ
ഒരിലഞ്ഞിപൂവ് ഇന്നും
വഴി തെറ്റി
വന്നു പോയി.
നിലാവില്‍ മുങ്ങി താഴാന്‍
ശ്രമിക്കുന്നുണ്ടൊരു
പെണ്ണ്.
കാറ്റിനെ കെട്ടി വരിഞ്ഞ്
പാലപ്പൂക്കള്‍ക്കിടയിലിട്ട്
കൊഞ്ചിച്ചു കലഹിക്കുന്നുണ്ട്.

മുടിയിഴകളില്‍ ഒതുങ്ങാതെ
പ്രണയം തല തല്ലി താഴെ
ചിതറി തെറിച്ചിട്ടുണ്ട്.
ആര്‍ത്തിയോടെ പുല്‍കുന്നുണ്ട്
പറഞ്ഞു തീരാത്ത പകയോളങ്ങള്‍.
ചിരിച്ചു മയക്കി കൂട്ടി കൊണ്ടുപോകുന്നുണ്ട്
ആരും കാണാത്ത മലമുകളിലെ
ഒറ്റമരതണലിലേയ്ക്ക്.
ആഴങ്ങളിലേയ്ക്ക് മാത്രമായ്
ഒഴുകി തീരുന്നുണ്ടൊറ്റ
മഴ നല്‍കിയ കടല്‍.
നടന്ന് നടന്ന് ഒരു യാത്ര പോകണം.
വീണു കിട്ടുന്ന ഓര്‍മ്മകളെ വാരിയെടുത്ത് കൊഴിഞ്ഞു പോകാതെ ഭദ്രമായ് കൈകളിലൊളിപ്പിക്കണം.
വീണ്ടും നടന്നകലണം.
നിറഞ്ഞു വീണു പോയ ഓര്‍മ്മകളെ തിരിഞ്ഞൊന്ന് നോക്കാതെ നടന്നങ്ങനെ സ്വയം മറക്കണം.
കൊഴിഞ്ഞു കൊഴിഞ്ഞു അവസാനം ബാക്കി വന്ന ഓര്‍മ്മയെ കുറിച്ചു മാത്രം ഓര്‍ക്കണം.
ഒരു ചിരി സമ്മാനിക്കണം.
ഒരു ചാറ്റല്‍ മഴ പോലെ കൊഞ്ചി കൊഞ്ചി ഇല്ലാതായവരുണ്ട്..
ഒപ്പമിരിക്കുന്നവര്‍ പരിഹസിച്ചീടുമെങ്കിലും
തെറ്റൊന്നു കുറയാതെ പറയുന്നിതാ സഖേ
നിന്നോളം വലുതലെനിയ്ക്കെന്‍റെ ശ്വാസവും

ഒടുവില്‍ അത്രമേല്‍ അഴകുള്ള സ്നേഹത്തെ കാട്ടി കൊതിപ്പിച്ചിട്ടകലാം നമ്മുക്കാ കവിതകള്‍ പൂക്കും കിനാവുകളിലേയ്ക്ക്...
..where the wind and the wounds cuddle ♡
പ്രണയം എന്നതിനേക്കാളേറെ
വിഭ്രാന്തമല്ലാ
മറ്റൊരു വിഭ്രാന്തിയും ..!!
ഉറങ്ങാതിരുന്ന് നിന്നെ നോക്കുന്ന നക്ഷത്രമാകണം.
I didn't
wrap my heart
may be that
'Lub-dub' sound
disturbing your dreams
At night.

I didn't
Unwrap my heart
for years.
Blood may
fall for you again.
ഓരോ പ്രാവശ്യവും കാറ്റതീവശക്തിയാല്‍ ഇലകള്‍ പൊഴിച്ചുകൊണ്ടേയിരുന്നു.നഗ്നതയാല്‍ തല താഴ്ത്താതെ ഓരോ നിമിഷവും മരം സ്വയം സ്നേഹിക്കാന്‍ പഠിക്കുകയായിരുന്നു.
രാവണനെ പോലുള്ള ഒരു കാമുകന്‍റെ കാമുകിയാകണം.
കറുത്തപെണ്ണേ..നിന്നോടിങ്ങിനെ ചേര്‍ന്നിരുന്നിട്ടാണീ പൂവിനിത്രയും ചന്തം.
ഉള്ളിലേക്കൊഴുകുമൊരുള്ളുള്ള
പുഴപോല്‍,തപ്പിയും തടവിയും തത്തി കളിച്ചും
ചെറു പാട്ടുമൂളിയുമാ വയല്‍ വരമ്പിനരികെ.
കണ്ടവരുണ്ടോ കാട്ടിലെ തീയായ് എരിഞ്ഞ
കായ്ഫലങ്ങള്‍,
പച്ചയും മഞ്ഞയും ചെറു പുള്ളികളുമായ് കോര്‍ത്തെടുത്തെഴുതിയ കാല്‍പാടുകള്‍.
ഇല്ലിനിയൊരു സംശയമൊന്നുമെ
അല്ലല്ലൊഴിച്ചു ഞാന്‍ ചൊല്ലുന്നതുണ്ടുകേള്‍,
ഭ്രാന്തമായ് ചിന്തിക്കുമെന്നുടെ ചിന്തകള്‍
ഭ്രാന്തിയെന്നുതന്‍ വിളച്ചീടുക നീ മടിയാതെ
ഭ്രാന്തമല്ലോ മമ സ്നേഹങ്ങളൊക്കെയും
ഭ്രമിക്കുന്നതിന്നുമെന്‍ ആത്മനോവാടിക.
പഴിച്ചീടുക നീയുമവര്‍ക്കൊപ്പം
ക്ഷമിച്ചു കൊള്ളാം ഞാനിനിയും നിന്‍ ചെയ്തികള്‍,
കാത്തിരിക്കാം നിന്‍ അകകണ്ണിലെ കാഴ്ചയില്‍
കാലമിന്നേറെ അകലുന്നിതെന്നാലും.
നിറഞ്ഞങ്ങനെ ഒഴുകണം..
പൂത്തു നില്‍ക്കുന്ന പൂമരച്ചോട്ടിലെ മണ്ണിനെ കൊതിപ്പിച്ചോടി ഒളിയ്ക്കണം..
കണ്ണുപൊത്തി കളിയ്ക്കുന്ന തൊട്ടാവാടി കൂട്ടങ്ങളില്‍ ഒന്നാകണം..
അവസാനം..
മുങ്ങാങ്കുഴിയിട്ട് നീന്തി വരുന്ന വെറും തോന്നലുകളായി ഒന്നുമില്ലാതാകണം..
കാത്തിരിയ്ക്കാം..
കനവുകളെഴുതീടാം
കണിക്കൊന്നപൂക്കും
കാലമോമനിയ്ക്കാം...
താഴത്തു തേനൊലിയ്ക്കും
പൂവായ്
വണ്ടിനേകീടാം
മധുരമോര്‍മ്മകള്‍
ഓരോ കാടും,ഓരോ പുഴയും,ഓരോ രാവും എന്നോടൊപ്പം നിന്നില്‍ പിരിഞ്ഞ് പിരിഞ്ഞ് നിന്നെ പിരിയാന്‍ കാത്തുനില്‍ക്കുന്നുണ്ട്.

Friday, 17 March 2017

ഓടി ഒളിക്കാൻ കലങ്ങിയ മിഴിക്കോണുകൾ തന്നെ വേണം .
സ്നേഹമായ് പൊഴിഞ്ഞു 
അവസാന ശ്വാസം വരെ നിന്നോട് ചേര്ന്നങ്ങനെ ....

പുഴകാടുകള്‍


ഒഴുകി ഒഴുകി
നിശബ്ദതയിലലിയാന്‍.
ഭ്രാന്തിടങ്ങള്‍
അത്രയേറെ സ്നേഹിച്ചതിനാലാകാം 
ചങ്ങലകള്‍ കിലുങ്ങി 
ചിരിയ്ക്കുന്നത്.
ചില രാത്രികളില്‍ നിലാവ് ആകാശത്തില്‍ തന്‍റെ പ്രണയിനിയെ കാണാറുണ്ട്.മഴനൂലുകള്‍ക്കിടയിലൂടെ ഉതിര്‍ന്നിറങ്ങി വന്ന് കാതില്‍ പ്രണയത്തെ കുറിച്ച് മാത്രം വാതോരാതെ സംസാരിയ്ക്കും.പണ്ടൊരുമിച്ചിരുന്ന് കണ്ട സ്വപ്നങ്ങളെ കുറിച്ച് പറയുമ്പോള്‍ തിളങ്ങിയിരുന്ന കണ്ണുനീര്‍ തുള്ളികള്‍ക്കുപോലും മഴവില്ലിനഴകാണ്. പുലരുവോളം മഴ ചാറ്റലില്‍ ഇരുവരും നനഞ്ഞലിയും. രാത്രി ഒരു പ്രണയമാണ്..തുളുമ്പുന്ന നിലാവൊരു മാന്ത്രികനാണ്.മാന്ത്രികനെ പ്രണയിച്ചതൊരു സുന്ദരിയായ യക്ഷിയുമാണ്.
പരസ്പരം പുണര്‍ന്ന് മതിവരാതെയാണ് ഓരോ അപ്പൂപ്പന്‍ താടിയേയും കാറ്റകറ്റുന്നത്...........
ഒരു പഴങ്കഥ 
വായിച്ചുമടുത്തത്,
ഇനിയൊരുവരി
പോലുമില്ലെന്നുറുച്ചത്,
ഇടയ്‌ക്കൊക്കെ
ഊറുന്നുണ്ടാ
മിഴിക്കോണിലിന്നും.
ഉതിരട്ടെയൊരു ചെറുചിരിയെങ്കിലുമിന്നാ മുഖങ്ങളിലൊന്നില്‍.
#womensday
എത്ര മല്ലിട്ടിരിക്കുന്നു ഞാന്‍ കണ്ണിലെ കരിമഷി കലങ്ങാതെ കവിതകളെഴുതീടാന്‍......
ബലൂണുകളെപോല്‍
ചുരുങ്ങി ചുരുങ്ങി
ഇല്ലാതായ
ചില
വലിയ വലിയ 
ഇഷ്ടങ്ങളുണ്ടായിരുന്നു.
പുറകിലേയ്ക്കോടുന്നൊരു
തീവണ്ടിയെ
കൈകാണിച്ചു
നിര്‍ത്തി,
ചിലതൊക്കെ
കീറികളഞ്ഞും
മായ്ച്ചും
ഒരു യാത്ര
പോകണം വീണ്ടും..
വഴികളിനിയും
തെറ്റാതെ.
അരുത്..!!
ഇനി നീ എന്നോട് പറയരുത്.
പ്രണയം എന്ന വാക്കിനെ ഞാനത്രമേല്‍
പ്രണയിക്കുന്നു..
നിന്‍റെ വേരുകള്‍ ആഴ്നിറങ്ങി
മണ്ണിനെ ഒരുനൂറായിരം പ്രാവശ്യം
ചുംബിച്ചിട്ടുള്ളതല്ലേ..
പൂക്കള്‍ കൊഴിച്ചേറെനേരം
സ്വപ്നങ്ങള്‍ കണ്ടിരുന്നതുമാണ്.
തൊട്ടുരുമ്മി വന്ന കാറ്റിനെപോലും
നിന്‍റെ ശിഖരങ്ങള് താലോലിച്ചുറക്കി..
ഞാനെത്ര പെയ്തിട്ടും
നിന്നില്‍ നിന്നൂര്‍ന്ന്
മണ്ണിലില്ലാതെയായിട്ടും
മറന്നു പോകുവതെന്തേ നീ
എന്നെ മാത്രം.
നീയൊന്നൊകാശത്തിലേക്ക്
നോക്കൂ..
നിനക്ക് മുകളിലുമുണ്ടെനിയ്ക്കൊരു
ലോകം.
നക്ഷത്രങ്ങളെന്നും
എനിയ്ക്ക് വേണ്ടി
സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നു.
മേഘങ്ങളിന്നും
മനസ്സില്ലാ മനസ്സോടെയാണ്
നിന്നിലേയ്ക്കെന്നെ അയച്ചത്.
ഭ്രാന്തമായി പ്രണയിക്കുകയായിരുന്നു
അന്നു ഞാന്‍ നിന്നെ.
അരുത്..!!
ഇനിയും നീ എന്നോട് പറയരുത്.
പ്രണയമെന്നപോലെന്തോ
പ്രിയമധികമേറിയെന്‍,ആത്മാ
പതിയെ വിടരുമൊരു പൂമൊട്ടുപോലേതോ
ജന്മസുകൃതഭാവനയില്‍.
പലവിധമൊഴിയാല്‍ തൊട്ടും തലോടിയും
പരിചിതയായൊരു ഭ്രമണമണ്ടലമെന്നപോല്‍
മിഴിയിണ തേനൂറും പത്മശോഭയില്‍
മതിമറന്നൊഴുകിയൊരരുവിയെന്‍ ഉടലായ്.
കവിതപെയ്തക്ഷരമണ്ണിന്‍
നെറുകയിലെഴുതിയ
സിന്ദൂരനൈവേദ്യമായ്,
ചേര്‍ത്തൊനെഴുതിയിതാ നാമങ്ങളിരുവരും.
തരളിതയായ് ഓരോ മുല്ലതൈകളുമാരാത്രികളിലേറെയും പ്രണയിനിയായ്..
കുഞ്ഞികാലോടിയൊളിക്കും മച്ചിന്‍പ്പുറങ്ങള്
കൊഞ്ചി കൊഞ്ചിയാടി പലകുറിയോര്‍ക്കാതെ..
വളര്‍ന്നു വാക്കുകള്‍ ,കാലമിന്നേറെ വേഗം.
അന്തി വെളിച്ചത്തിലേകരായ് മായും പൂക്കള്‍.
തുറന്നൂ ഓര്‍മ്മചാലുകള്‍ അന്നൊരുനാളിലവര്
അടഞ്ഞൂ കൈകളിനിയകലാവിധം
ചിലരങ്ങിനേയുമുണ്ട്...!!
മഴ വെട്ടിയ മണ്ണിനടിയിലും കാണാതായ കളിവഞ്ചി തിരയുന്നവര്‍..
പാട്ടിന്‍റെ അവസാന വരിയിലെ കുനിപ്പില്‍
തൂങ്ങിയൊന്നാടി കൊമ്പൊടിഞ്ഞെന്ന് കരയുന്നവര്‍..
കാന്‍വാസിലെ ചിത്രങ്ങളിലെ ചായങ്ങള്‍
ഓരോന്നോരോന്നായ് ചിരിയിലണിയുന്നവര്‍..
കാറ്റിനോട് കെഞ്ചി നഗ്നത മറച്ചു
അടിവയറ്റിലെ ഹൃദയത്തിന് കാവലിരിക്കുന്നവര്‍..
ചിലരങ്ങിനെയൊക്കെയാണ്...!!
മഴയേക്കാള്‍ മേഘത്തിലലിഞ്ഞവര്‍..
തീയോളം ചുവപ്പ് സിന്ദൂരമാക്കിയവര്‍..
ആടിയാടി സ്വയം തിരയുന്നവര്‍..
മങ്ങി മങ്ങി കാഴ്ചയെ കളിയാക്കിയോടിയൊളിക്കുന്നവര്‍...!!
ഓരോ മൈലാഞ്ചി കൈയ്യിനോടും ഞാൻ പറയാറുണ്ട് ...
കറുക്കരുത് ..!!
പാര്ദയിൽ ഞാൻ തുന്നിവെച്ച വെള്ള കല്ലുകൾക്കിന്നും
അത്തറിൻറെ മണം ..
കടലിന്റെ അക്കരെ നിന്ന് ഇന്നും കേൾക്കാം
ചില്ലറകളുടെ കുശലം പറച്ചിലുകൾ
സുലൈമാനി നിന്റെ ചുണ്ടുകളോട് ചേരുമ്പോളെല്ലാം
ഞാൻ ഇടിമിന്നൽ പോലെ വിറച്ചിരുന്നു ..
ഒരൊറ്റ രാത്രി കൊണ്ടീ അകലങ്ങളെ എല്ലാം
കുടിച്ചു വറ്റിച്ചെടുക്കാൻ തോന്നിയിട്ടുണ്ട്.
ഓരോ കാത്തിരിപ്പിന്റെയും
അന്ത്യം എനിക്ക് ഒന്നേ പറയാനുള്ളു
മൈലാഞ്ചി കൈയ്യേ നീ മാത്രം കറുക്കരുത് .
ഇന്നോളം അടയ്ക്കാതെ വച്ച ജനലഴികള്‍ക്കിടയിലൂടെത്ര വെയിലുകളെന്നെ ചുംബിച്ചോടികളഞ്ഞിട്ടുണ്ട്..
കുന്നോളം കലപില കൂട്ടി എത്രയെത്ര ചുമരെഴുത്തുകളെനിയ്ക്ക് കഥകള്‍ പറഞ്ഞുതന്നിട്ടുണ്ട്..
ഒരു പുഴയുടെ ഹൃദയം എവിടെയാകാം...കാഴ്ചകളേറെ കണ്ട് തനിയ്ക്ക് ചുറ്റും വരുന്ന എന്തിനേയും ചേര്‍ത്തു പിടിച്ചൊഴുകുന്ന മുകളിലെ തട്ടിലോ... അതോ..ആരും കാണാത്ത അടിയൊഴുക്കുകളില്ലോ..
വയലറ്റ് കാടുകളിലേക്കാണത്രേ
നീയും അക്ഷരങ്ങളും
ഒളിച്ചോടിയത്...
പൂമരങ്ങളിലേക്ക് ഒഴുകി
ചേര്‍ന്നിട്ടുണ്ടത്രേ
ഓരോ മുറിവുകളും..
ആഴങ്ങളില്‍ കോര്‍ത്തെടുത്ത
അക്ഷരങ്ങളില്‍ നിന്നുമിന്നും
'നീ' ആടുന്നതെന്തിന്..?
രാവറിയാതെയും,
പകലറിയാതെയും
വയലറ്റ് പൂക്കള്‍ കണ്ണിറുക്കുന്നുണ്ട്..
തണല്‍ വീശിയെത്തുന്ന
ഓരോ കാറ്റിനൊപ്പവും
ഇതളുകള്‍ അറിയുന്നുണ്ടെത്ര വിരഹം..
വെറുതെ കൈനീട്ടി
തൊട്ടോടിയൊളിക്കുന്നതെന്തിനീ
കണ്ണറിയാത്ത കാടോര്‍മ്മകള്‍..
ഇനിയൊരേടും ബാക്കി വെക്കാതെയാണ് കാറ്റെന്‍റെ ഓര്‍മ്മകളേയും കൊണ്ട് കടലിലിറങ്ങിയത്.....
എത്രയെത്ര സ്വാര്‍ത്ഥതകള് തളംകെട്ടികിടന്നിട്ടുണ്ട് നമ്മുടെ ഓരോ നോട്ടത്തില്‍ പോലും..സ്വന്തമാക്കാനായ് അത്രയേറെ ആഗ്രഹിച്ചു പോയതിനാലാകാം..
ഒരുപക്ഷെ ,
നീയിന്നും ഇടങ്കണ്ണിട്ട്
നോക്കുന്നുണ്ടാകാം
വിടരാന്‍ കാത്തിരിക്കുന്ന
എന്‍റെ നാലുമണി പൂവിനെ...!!
ഒരുപക്ഷെ ,
ഇന്നും നീയാ
കടലിനടുത്തുള്ള
മണ്‍ക്കൂട്ടിലെ
ഒറ്റ തിരിനാളത്താലെന്നെ
വരയ്ക്കുന്നുണ്ടാകാം...!!
ഒരുപക്ഷെ ,
ഞാനറിയാതെ ഇന്നുമെന്‍
മുടിയിഴകള്‍ക്കിടയിലെ
ഇടതൂര്‍ന്ന വഴിയിലൂടെ
കൈകോര്‍ത്തു നടക്കുന്നുണ്ടാകാം...!!
ഒരുപക്ഷെ ,
ഇന്നും നിന്‍ കാവ്യമായ്
ഞാനൊഴുകുന്നുണ്ടാകാം
ഭംഗിയായ്,ശാന്തമായ്..
അലസമായ്..
നീയൊരാകാശവും ഞാനൊരു കടലുമായിരുന്നെങ്കില്‍ നാണത്താല്‍ താഴുന്ന സൂര്യനെ സാക്ഷിയാക്കി നമ്മുക്കൊന്നാകാമായിരുന്നല്ലേ....
ഇനി പിറക്കുമൊരു
കവിതയ്ക്കിടാം
ചെവിയില്‍
നിന് നാമം.
പെറ്റമ്മയായ്
മണ്ണിലെ കാഴ്ചയും
വിണ്ണിലെ സ്വപ്നവും
പങ്കുവെച്ചുറക്കീടാം.
പിച്ചവെച്ചോടും
പാദങ്ങളെ
കണ്‍ കുളിര്‍ക്കെ
കണ്ടുകൊണ്ടിരിയ്ക്കാം.
നിനിളം
ചുണ്ടിലെ
കഥകളെയൊക്കേയും
ചിപ്പിയാല്‍ കോര്‍ത്തെടുത്തീടാം.
മാറിലെ
പാലിനോടൊപ്പമേകാം
മഴവില്ലിനഴകാം
ചിപ്പികളൊക്കെയും
നിൻറെ
കൊലുസുകളിലെൻ
സ്വപ്നം
കിലുങ്ങിടുന്നു...
കരിവള
ച്ചിരികളെൻറെ
ആത്മാവായ്
മാറിടുന്നു...
നിൻറെ
കൺമഷികറുപ്പിലേക്കെൻ
സ്വപ്നം
ചേർത്തിടുന്നു...
ഓമലേ
നിൻറെ
പാൽപുഞ്ചിരിയെന്‍റെ
ശ്വാസമായ്,
പ്രാണനായ്
മാറിടുന്നു...
അനന്തതയില്‍ നിന്നു-
യരുന്നിതാ നിന്
സ്മൃതി മണ്ഡപം.
കൊത്തി മിനുക്കിയ
ലിപികളില്‍ നിന്നു
തിര്‍ന്നു നിന്‍ മൊഴികള്‍.
പൊരുളറിയാതെയെന്‍
മടിയില്‍ ചാഞ്ഞുറങ്ങു
ന്നൊരിളം പൈതലിന്‍ ലോകം.
ഓര്‍മ്മചാറ്റല് പൊഴിച്ചകലെ 
മാറിനില്‍ക്കും നിനോര്‍മ്മകള്‍
കൊഞ്ചി തെറിച്ചുപോം 
പരിഭവങ്ങള്‍ പോല്‍ ഏകയായ്.. ♡
കയ്യില്‍ നിറയെ കുപ്പിവളകളിട്ട ഒരു ബ്രസീലിയന്‍ പെണ്‍കുട്ടിയാണ് ലൂസിയ.പച്ചയില്‍ വെള്ള പുള്ളികളുള്ള പാവാടയും ആ വെള്ള ജാക്കറ്റും നന്നായി ഇണങ്ങുന്നുണ്ടവള്‍ക്ക്.കഴുത്തിലെ വലിയ കറുത്ത മാലയില്‍ തൂങ്ങി കിടക്കുന്ന ചുവപ്പ് നിറമുള്ള പേന.ആളൊഴിഞ്ഞ ഒരു പാര്‍ക്കില്‍ അവള്‍ കയ്യിലെ പുസ്തകം നിവര്‍ത്തി എന്തൊക്കെയോ കുത്തി കുറിക്കുന്നുണ്ട്.കാതിലെ നീണ്ട കമ്മല്‍ കാറ്റിനോടൊപ്പം ആടുന്നുണ്ട്..അധികമൊന്നും സംസാരിക്കാത്ത പ്രകൃതം.
ഒരുപക്ഷെ അവളുടെ യാത്രയോടുള്ള കമ്പം കൊണ്ടാകാം വീണ്ടും വീണ്ടും ഞങ്ങള്‍ തമ്മില്‍ കാണാനിടയായി.ഒരു ചിരിയില്‍ മാത്രമായി ഒതുങ്ങുമായിരുന്ന ആ ബന്ധം ഒരിക്കല്‍ അവളുടെ കൂടെ ഉണ്ടായിരുന്ന ഒരു കൊച്ചു സുന്ദരിയുടെ ചിരി മൊട്ടിനാല്‍ വിരിഞ്ഞു.അന്നു തന്നെ അവള്‍ (ഇസബെല്ല)എനിയ്ക്ക് രാജകുമാരിയുടെ...കുഞ്ഞുറുമ്പിന്‍റെ..നീണ്ട സ്വര്‍ണ്ണ താടിയുള്ള അപ്പൂപ്പന്‍റെ കഥകള്‍ പറഞ്ഞു തന്നു.പല കഥകളും കേള്‍ക്കാത്തവയായതിനാലാകാം എന്‍റെ കണ്ണിലെ കൗതുകം മറച്ചു വെക്കാന്‍ ഉള്ള തത്രപാടിലായിരുന്നു ഞാന്‍..അങ്ങനെ ഇസബെല്ലയിലൂടെ ലൂസിയയെ കൂടുതല്‍ അറിയാന്‍ സാധിച്ചു.
ഇസബെല്ലയ്ക്ക് മൂന്നു മാസം മാത്രം പ്രായം ആയിരുന്നപ്പോള്‍ ലൂസിയയെ ഭര്‍ത്താവ് ഉപേക്ഷിച്ചതായിരുന്നു.എങ്കിലും ഭര്‍ത്താവിനെ കുറിച്ച് പറയുമ്പോള്‍ ആയിരം നാക്കാണ് അവള്‍ക്കിന്നും..കണ്ണുകള്‍ക്ക് നക്ഷത്രങ്ങളേക്കാള്‍ തിളക്കം...
ഇന്ത്യക്കാരനായ ഭര്‍ത്താവിനോടുള്ള സ്നേഹവും ബഹുമാനവും ഒക്കെ എന്നെ വളരെയധികം അത്ഭുതപ്പെടുത്തി..
എനിയ്ക്ക് തെറ്റിയില്ല..ഭര്‍ത്താവിനെ അന്വേഷിച്ച് വന്നതാണ് അവള്‍. യാത്രക്കിടയിലും ഇസബെല്ലയുടെ കണ്ണുകള്‍ അച്ഛനുള്ള ഷര്‍ട്ടുകളിലേക്കും ഷൂസുകളിലേക്കും മാത്രമായിരുന്നു.അല്‍പം വില കൂടിയതാണെങ്കില്‍ അവള്‍ അമ്മയോട് വഴക്കുകൂടി വാങ്ങിച്ചെടുത്തു.ഇത്രയും വില കൂടിയ സാധനങ്ങള്‍ ഈ സമയത്ത് വാങ്ങിയാല്‍ റോയ്ക്ക് ഇഷ്ടപ്പെടില്ല എന്നവള്‍ എന്‍റെ നേരെ തിരിഞ്ഞു നിന്നു പറഞ്ഞപ്പോഴും എന്തെന്നില്ലാത്ത ഒരു എസൈറ്റ്മെന്‍റ് ആ മുഖത്ത് ഉണ്ടായിരുന്നു.
പീന്നീടാണവള്‍ പറയുന്നത്...ഒന്നര വര്‍ഷമായിട്ട് ലൂസിയ ഇന്ത്യയില്‍ തന്നെ ഉണ്ട്.അവസാനം ഭര്‍ത്താവിനെ കണ്ടുമുട്ടിയപ്പോള്‍ അയാള്‍ക്ക് ഒരു അപകടം പറ്റി ചികില്‍സയിലായിരുന്നു.ലൂസിയയ്ക്ക് ശേഷം അയാള്‍ വിവാഹം കഴിച്ച സ്ത്രീ ഇപ്പൊ കൂടെയില്ല.അതിനെ കുറിച്ച് ഒന്നും ഇപ്പൊ ചോദിക്കുന്നത് ശരിയല്ലായെന്നവള്‍ പറഞ്ഞപ്പോള്‍ എനിക്ക് എന്തു പറയണമെന്നറിയാതെയായി..വീണ്ടും വീണ്ടും ലൂസിയ എന്നെ അത്ഭുതപ്പെടുത്തികൊണ്ടിരുന്നു.
റോയുടെ ചികില്‍സയോട് സംബന്ധമായി അവര്‍ രണ്ടു പേരും ഹോസ്പിറ്റലില്‍ തന്നെയാണ് താമസം..ഒരു ചെറു ചിരിയോടെ അവള്‍ തുടര്‍ന്നു...റോയ് ഇപ്പൊ പൂര്‍ണ്ണ ആരോഗ്യവാനാണ്.അവര്‍ അടുത്ത ആഴ്ച്ച ന്യൂയോര്‍ക്കിലേക്ക് തിരിച്ചു പോകുകയുമാണ്.
ചില ബന്ധങ്ങള്‍ ഇങ്ങനെയൊക്കെയാണ്..ചില യാത്രകളും..അത്ഭുതപ്പെടുത്തി കൊണ്ടിരിക്കും..ലൂസിയ എന്ന കുപ്പിവളകളണിഞ്ഞ ബ്രസീലുക്കാരി ഇന്നെന്‍റെ മുന്‍പില്‍ ഒരു വലിയ അത്ഭുതം തന്നെയാണ്..യാത്ര പറഞ്ഞു പോയപ്പോള്‍ അറിയാതെ ആ സുന്ദരിയെ കൈകൂപ്പി നില്‍ക്കാന്‍ മാത്രമെ എനിയ്ക്കു കഴിഞ്ഞുള്ളൂ..കണ്ണില്‍ നിന്നും മറയുന്നത് വരെ ആ അമ്മയേയും കുഞ്ഞിനേയും നോക്കി നിന്നു പോയി..
പെണ്ണേ..
ഇനിയുമേത് നിറം
പകര്‍ത്തണം
നിന്നഴകിലെ,
ഇഷ്ടങ്ങളിങ്ങനെ നെറുകയില്‍ ചാര്‍ത്താന്‍..
എത്ര ദിനരാത്രങ്ങളിനിയും
താണ്ടേണമെനുള്ളില്‍
നിറയും ശലഭങ്ങളായ്
പറന്നുയരാന്‍..
"ഒന്നു വെയിലാറി കഴിഞ്ഞാല്‍ അവനും പോകും..പിന്നെ അതുമിതും പറഞ്ഞിരിയ്ക്കാന്‍ ശ്രീക്കുട്ടിയ്ക്ക് ആരാ ഉണ്ടാവാ..??"
അമ്പല കുളത്തിന്‍റെ പടവില്‍ ഇരുന്നവള്‍ സ്വയം ചോദിച്ചു.
കലങ്ങിയ കണ്ണുകളോടെ മുന്‍പിലേക്ക് വരരുത് എന്ന് കണ്ണേട്ടന്‍ പറഞ്ഞത് മറന്നു പോയിട്ടല്ല..എല്ലാ പ്രാവശ്യവും അങ്ങനെയൊക്കെ തന്നെ അകുമെങ്കിലും ഇക്കുറി കണ്ണേട്ടന്‍ പോകുന്നത് ഒത്തിരി സന്തോഷത്തോടെയാണ്.അടുത്ത വരവില്‍ കണ്ണേട്ടന്‍ ഒരച്ഛനായിട്ടുണ്ടാകും എന്ന സന്തോഷം ആ മുഖത്ത് കാണാം,പോരാത്തതിന് ഡോക്ടറും, നാട്ടില്‍ നിന്ന് അമ്മയും വിളിച്ച് പറഞ്ഞിട്ടുണ്ട് എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്ന്.
പാവം ഏട്ടന്‍ ..ഇപ്രാവശ്യം വന്നിട്ട് അതു വേണം ഇതുവേണം എന്നൊക്കെ പറഞ്ഞ് എത്ര ഓടിച്ചിരിക്കുന്നു.ഇതൊക്കെ കണ്ടു നിന്ന അമ്മായിയമ്മക്ക് അത്ര ഇഷ്ടപ്പെട്ടിട്ടൊന്നുമില്ല.
"നീ ഈ കാണിച്ചു കൂട്ടുന്നത് കണ്ടാല്‍ ഈ,ലോകത്ത് ആദ്യമായി പ്രസവിക്കാന്‍ പോകുന്നത് നിന്റെ ഭാര്യയാണെന്ന് തോന്നുമല്ലോ...!!പണ്ടൊക്കെ കൂട്ടുകുടുംബം ആയിരുന്നേ വിശന്നു വലഞ്ഞാല്‍ കൂടി നിന്‍റെ മുത്തശ്ശിയെ പേടിച്ചാ കഴിച്ചിരുന്നത്...ഇന്നത്തെ പോലെ എവിടാ ഹോട്ടലുകള്‍..."
എത്രയൊക്കെ ആയാലും ഞാന്‍ പറയുന്ന പോലെയായിരുന്നു.
ഇന്നിപ്പൊ പോവാറായി എന്നൊക്കെ പറയുമ്പോള്‍ ഒരു പേടി..പ്രസവം....അതിപ്പൊ പേടിക്കാന്‍ മാത്രം ഒന്നുമില്ലെന്ന് ഒത്തിരി പ്രാവശ്യം പറഞ്ഞ് സമാധാനിപ്പിച്ചതാണെങ്കിലും....ഒരു പേടി..
"ശ്രീക്കുട്ടീ....."
"ഈശ്വരാ ഇറങ്ങാറായെന്നാ തോന്നുന്നത്..."
ഓടി വരുന്നത് കണ്ട് ദേഷ്യം വന്നെങ്കിലും,
"പതുക്കെ..!!" എന്ന ഒറ്റവാക്കില്‍ നിര്‍ത്തി എന്നെ നോക്കിയൊന്നു ചിരിച്ച് കണ്ണുകൊണ്ട് യാത്ര പറഞ്ഞ് അച്ഛന്‍റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി യാത്രയായി....
പോയി കഴിഞ്ഞപ്പോള്‍ നിറ കണ്ണുകളോടെ "വന്ദേ മാതരം" എന്നും പറഞ്ഞു അച്ഛന്‍ ചാരുകസേരയില്‍ തല ചായ്ച്ചു...
ഈ സമയത്തൊരൊറക്കം പതിവില്ലല്ലോ....!!!
കറുത്ത കറുത്ത കറുപ്പുകള്‍
1) കറുത്തപെണ്ണ്
കറുപ്പില്‍ എന്നും
മാഞ്ഞ്
ഇരുട്ടിന് മാത്രം
അറിയുന്ന
കറുത്തപെണ്ണ്.
2)കറുത്തമുടി
ഇഴകളില്‍
ഇന്നും കാണാം
നീ തഴുകി
ഉറക്കിയ
ചുരുളലുകള്‍..
3)കാട്
നിഗൂഢതകള്‍ക്കെന്നും
കറുപ്പിനോടാണത്രേ
പ്രിയം.
4)കറുത്ത മഷി
നീയന്നു
കോറിയിട്ട
ചിത്രങ്ങളില്‍
കാലം
കറുത്ത മഷിയാല്‍
ഓര്‍മ്മകളെ
തിരിച്ചേല്‍പിച്ചിട്ടുണ്ട്..
5)നിഴല്‍
നീയും
നിഴലും
എന്നെ
പലകുറി
പറ്റിച്ചു
ചിരിച്ചിട്ടുണ്ട്.
6)കരിവളകള്‍
കരിവളകളെന്നും
ഉമ്മവെച്ചിട്ടുണ്ട്
എഴുതി തീര്‍ത്ത
പ്രണയ സന്ദേശങ്ങളെ..
7)രാത്രി
എന്നും
ഒന്നും
പറയാതെ
രാത്രികള്‍
സൗന്ദര്യം
മറച്ചു വെച്ചുകൊണ്ടിരുന്നു.
കാറ്റിനും ഉണ്ടത്രേ എത്ര തേടിയിട്ടും എത്തിപ്പെടാനാകാത്ത ഇടങ്ങള്‍..
മഴ പെയ്യുന്നതിനു തൊട്ടു മുന്‍പുള്ള ആകാശം കാണാന്‍ നല്ല ഭംഗിയാണ്.അവളുടെയും കളറാണത്.ഒരായിരം വര്‍ണ്ണങ്ങളെ ആ കണ്ണുകളില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു.ഓരോ പുഴയുടേയും ആഴങ്ങള്‍ സ്വയം ഉള്ളിലൊതുക്കിയവള്‍.ഒരൊറ്റ ചിരിയില്‍ വസന്തം സൃഷ്ടിച്ചവള്‍..കൊലുസിന്‍റെ താളം ഭൂമിയുടെ ഈണമായി മാറ്റിയവള്‍..
പ്രണയം ആയിരുന്നു അവള്‍ക്ക്.സ്നേഹിച്ച പുരുഷനെ തന്നെ സ്വന്തമാക്കിയ ഭാഗ്യവതി.ഇഷ്ടങ്ങളൊന്നും മറച്ചു വച്ചിരുന്നില്ല.കാറ്റിനോടും പൂക്കളോടും മഴയോടും ഒരിക്കലും തീരാത്ത കഥകള്‍ പറയാനുണ്ടായിരുന്നു അവള്‍ക്ക് എന്നും.ഓരോ മഴയിലുമവള്‍ അവനോടൊപ്പം നനഞ്ഞു.
എന്നുമുതലെന്നവള്‍ അറിഞ്ഞില്ല...ഇന്നലകളിലെ ലാളനങ്ങളില്‍ അവള്‍ ഉറങ്ങാന്‍ പഠിച്ചു.
വായിച്ചു വായിച്ചു കഥയിലെ രാജകുമാരി ആകണം..തേടി എത്താന്‍ രാജകുമാരനും ഉണ്ടാകണം..വില്ലു കുലച്ചു പുടവ നല്‍കീടേണം.പട്ടു വസ്ത്രങ്ങളണിഞ്ഞീടേണം.ഒറ്റ ഉറക്കത്തില്‍ കഥയും സ്വപ്നങ്ങളും മാഞ്ഞീടേണം.

നിറം മങ്ങിയ കുഞ്ഞുടുപ്പുകള്‍


തെരുവ്
കണ്ടിട്ടുണ്ട്
ദൈവത്തിന്‍റെ
വലിയ തെറ്റുകള്‍
നിറങ്ങള് വിറ്റ്
നിറങ്ങള്‍ക്കായ്
അലയുന്ന
വിധി പൊതികളെ
ചിരിയിലുണ്ടേറെ
നിറങ്ങള്‍
ഉടുപ്പുകള്‍
അറിയാതെ പോയവ
അമ്മതന്‍
മാറിലെ
ചൂടില്‍
വിശപ്പകറ്റിയവര്‍
കഥകളറിയാതെ,
കുറുമ്പുകള്‍
കാണിക്കാത്ത
കുഞ്ഞുടുപ്പുകള്‍,
ഞാനുറങ്ങുമ്പോള്‍ ഈ ഭൂമി എങ്ങനെയാകും...?എനിയ്ക്കിഷ്ടമുള്ള കറുപ്പു നിറം എന്നെ പറ്റിച്ചോടിപ്പോകാറുണ്ടാകും.എന്‍റെ ഓര്‍മ്മകളെല്ലാം എന്നെ കുറിച്ച് കവിതകള്‍ എഴുതുന്നുണ്ടാകും...എന്‍റെ കണ്ണുകള്‍ക്ക് കാവല്‍ ഭടന്‍മാരാകുന്നത് സ്വപ്നങ്ങളാകാം.കലപില കൂട്ടാതെ കാറ്റെനെ പുണരുന്നുണ്ടാകാം.പുഴയും മഴയും എന്നെ കാണിക്കാതെ രഹസ്യങ്ങള്‍ കൈമാറും.തിരിഞ്ഞും മറിഞ്ഞും രാവും പകലും തമ്മില്‍ കണ്ണുപ്പൊത്തി കളിക്കുന്നുണ്ടാകും..കടലെന്‍ മാറില്‍ എന്നോടൊപ്പം ഉറങ്ങുന്നുണ്ടാകും..എന്നെ തിരഞ്ഞങ്ങനെ വണ്ടുകള്‍ തേങ്ങുന്നുണ്ടാകും..കൂട്ടിലടച്ച കിളികളെല്ലാം ഞാനുണരുന്നതും കാത്തിരിക്കുന്നുണ്ടാകും ഒന്നീ ലോകം വീണ്ടും കാണാന്‍...അറിയാന്‍..പാറിപറന്നുയരാന്‍.....
പ്രിയപ്പെട്ട ഗുല്‍മോഹര്‍..
നിന്നെ പ്രണയിക്കാത്തവരായി ആരുണ്ടീ ഭൂമിയില്‍...ഓരോ പ്രണയവും ഓരോ എഴുത്തും ഭ്രാന്താണെന്ന് പറഞ്ഞപ്പോള്‍ എനിയ്ക്കൊപ്പം നീയും ഭ്രാന്തിയായി.നിന്റെ ചുവപ്പോളം പ്രിയം വരില്ല മറ്റൊന്നിനോടുമെന്ന് പലകുറി പറഞ്ഞതല്ലേ ...നീ പൂത്തുനില്‍ക്കുന്ന ചില്ലകളില്‍ മറ്റാരും കാണാതെ കേള്‍ക്കാതെ ഒളിപ്പിച്ചുവെച്ച കുഞ്ഞു ചിലങ്കകള്‍ അറിയാതെ ഉതിര്‍ന്നു വീണു തുടങ്ങിയിട്ടുണ്ട്..ഏറെനാളായി നീ വരച്ചിട്ട ഇഷ്ടങ്ങളും പതിഞ്ഞു തുടങ്ങി നിന്‍ കാല് വെള്ളയിലെ മണ്ണില്‍... നീയൊരു പ്രണയമല്ലേ...ഒരോര്‍മ്മയല്ലേ..കാത്തിരിപ്പല്ലേ..ഭ്രാന്തല്ലേ..അത്രയേറെ പ്രണയത്തെ പ്രണയിക്കുന്നവളല്ലേ...
വല്ലാത്തൊരിഷ്ടമെന്‍ കണ്ണില്‍ നിഴലായ് കൂടെയുണ്ട്..
വിട
ആഗ്രഹിച്ചു പോകുന്നതെന്തിനെന്‍ മാനസം
ഒറ്റവരിപാതയിലൊറ്റയ്‌ക്കൊന്നിരിയ്ക്കാന്‍..
ആരവങ്ങളേറെ മുഴക്കിയ ആല്‍ത്തറയില്‍ കണ്ണുകളടക്കി കാഴ്ച്ചയെ തിരിച്ചയയ്ക്കാന്‍..
തീരത്തടിഞ്ഞ കാട്ടുവള്ളിയെ ഒരൊറ്റ ചിറകിനാല്‍
കാറ്റില്ലേയ്ക്കയക്കാന്‍..
ഓര്‍ക്കാതെ കോറിയിട്ട സ്വപ്നകണികളെ
മാറോട് ചേര്‍ത്ത് അലിയിപ്പിച്ചൊന്നില്ലാതെയ്യാക്കാന്‍.
കണ്ണാടി
ആമിയായും 
അമ്മുവായും
മാറുന്നുണ്ട് എന്നും.
തിരമാലകളെന്നും
തീരത്തെ
പാടുകൾ
മായ്ച്ചു
കൊണ്ടിരുന്നു .
ആർത്തിരമ്പിയും
ശാന്തമായും
കരയ്യിലേക്കുതന്നെ
എത്തിചേച് രാറുണ്ട്.
ഓരോ
അടുക്കലുകളിലും
അതിലേറെ
അകലങ്ങളുണ്ടെന്നു
സ്വയം
പഠിച്ചവര്.
ഒരുനാൾ
ഒന്നാകുമ്പോള്
നല്കാന്
മാറില്
ഒളിപ്പിച്ചിട്ടുണ്ട്
ഒരുപാടധികം
കക്കകൾ.
ഇത്രമേല്‍ ചേലുണ്ടായിരുന്നോ 
നിന്‍റെ മൗനത്തിനു പോലും... <3
ഒഴുക്കില്‍ പെട്ടകലാത്ത
കഥയെ പ്രണയിക്കണം
'talk to me, iam listening'
He repeated.
'harder to catch the butterfly'
She mumbled .
കടലോളം നോവകറ്റുന്ന മറ്റൊന്നില്ലാഞ്ഞിട്ടാകാം ഇത്രയേറെ ഉപ്പുരസം അടിഞ്ഞുകൂടിയത്..
The 'he' doesn't even exist..!!!
The 'she' is pure hallucination.
ഒന്നു ഞെട്ടിയുണര്‍ന്നാല്‍ തീരാവുന്ന സ്വപ്നങ്ങളെയല്ലേ ഇത്രയേറെ സ്നേഹിക്കുന്നത്..
കണ്ണുകളില്‍ ആകാശത്തെ ഒളിപ്പിച്ചു വെച്ചപ്പോള്‍ പൊഴിഞ്ഞ കാര്‍മേഘങ്ങളാണത്രേ ഈ ചുറ്റുമുള്ള കറുത്ത പാടുകള്‍... ♡
എത്രയെത്ര മൗനങ്ങളാല്‍ ഈറനണിഞ്ഞതാണീ കാഴ്ചകള്‍...