Sunday, 30 July 2017

അത്രമേൽ അത്രമേൽ നിശബ്ദമായ് കടന്നു പോയ ഋതുക്കൾ...
കറുപ്പിനുള്ളിലെ കൗതുകങ്ങളില്‍ കാണാതെ പോയ കരിമഷി കണ്ണുകള്‍...♡
മണ്ണിനേയും മഴയേയും ഉടലിലേക്കാവാഹിച്ച് നമ്മുക്ക് വീണ്ടും പ്രണയിക്കണം..പ്രണയിക്കാന്‍ പഠിക്കണം..!
ഓരോ മഴയിലും
മിന്നല്‍ പോലെ
പ്രണയം..!!
നീയെഴുതിയ കവിതകൾ
പോലെയാണെന്റെ
മുടിച്ചുരുളുകൾ...
അത്രമേൽ ത്രസിച്ചു
നിൻ വിരലുകളേറ്റു
വാങ്ങിയിട്ടുണ്ടൊ
രായിരം ചുംബനങ്ങൾ.
എന്‍റെ ചുറ്റും ആയിരം
ശലഭങ്ങള്‍
നൃത്തം ചെയ്യുന്നുണ്ട്.
ചിറകുകള്‍ കൊണ്ട്
ചിത്രങ്ങള്‍ വരയ്ക്കുന്നുണ്ട്.

പൂക്കളോരോന്നിനോടും
യാത്ര പറഞ്ഞ്
പട്ടുമെത്ത തയ്യാറാക്കുന്നുണ്ട്.
പൂമ്പൊടിയാല്‍
കണ്ണുകളെഴുതിയും
പൊട്ടുതൊടീച്ചും
യാത്ര ചോദിക്കുന്നുണ്ട്.
മുല്ലപ്പൂക്കളെന്നും
പുതുമണം മാറാതെ
കനവുകള്‍ കണ്ടിരിപ്പാണ്.
മാദക ഗന്ധം പേറിയ
ഒരിലഞ്ഞിപൂവ് ഇന്നും
വഴി തെറ്റി
വന്നു പോയി.
നിലാവില്‍ മുങ്ങി താഴാന്‍
ശ്രമിക്കുന്നുണ്ടൊരു
പെണ്ണ്.
കാറ്റിനെ കെട്ടി വരിഞ്ഞ്
പാലപ്പൂക്കള്‍ക്കിടയിലിട്ട്
കൊഞ്ചിച്ചു കലഹിക്കുന്നുണ്ട്.

മുടിയിഴകളില്‍ ഒതുങ്ങാതെ
പ്രണയം തല തല്ലി താഴെ
ചിതറി തെറിച്ചിട്ടുണ്ട്.
ആര്‍ത്തിയോടെ പുല്‍കുന്നുണ്ട്
പറഞ്ഞു തീരാത്ത പകയോളങ്ങള്‍.
ചിരിച്ചു മയക്കി കൂട്ടി കൊണ്ടുപോകുന്നുണ്ട്
ആരും കാണാത്ത മലമുകളിലെ
ഒറ്റമരതണലിലേയ്ക്ക്.
ആഴങ്ങളിലേയ്ക്ക് മാത്രമായ്
ഒഴുകി തീരുന്നുണ്ടൊറ്റ
മഴ നല്‍കിയ കടല്‍.