Sunday, 30 July 2017

അത്രമേൽ അത്രമേൽ നിശബ്ദമായ് കടന്നു പോയ ഋതുക്കൾ...
കറുപ്പിനുള്ളിലെ കൗതുകങ്ങളില്‍ കാണാതെ പോയ കരിമഷി കണ്ണുകള്‍...♡
മണ്ണിനേയും മഴയേയും ഉടലിലേക്കാവാഹിച്ച് നമ്മുക്ക് വീണ്ടും പ്രണയിക്കണം..പ്രണയിക്കാന്‍ പഠിക്കണം..!
ഓരോ മഴയിലും
മിന്നല്‍ പോലെ
പ്രണയം..!!
നീയെഴുതിയ കവിതകൾ
പോലെയാണെന്റെ
മുടിച്ചുരുളുകൾ...
അത്രമേൽ ത്രസിച്ചു
നിൻ വിരലുകളേറ്റു
വാങ്ങിയിട്ടുണ്ടൊ
രായിരം ചുംബനങ്ങൾ.
എന്‍റെ ചുറ്റും ആയിരം
ശലഭങ്ങള്‍
നൃത്തം ചെയ്യുന്നുണ്ട്.
ചിറകുകള്‍ കൊണ്ട്
ചിത്രങ്ങള്‍ വരയ്ക്കുന്നുണ്ട്.

പൂക്കളോരോന്നിനോടും
യാത്ര പറഞ്ഞ്
പട്ടുമെത്ത തയ്യാറാക്കുന്നുണ്ട്.
പൂമ്പൊടിയാല്‍
കണ്ണുകളെഴുതിയും
പൊട്ടുതൊടീച്ചും
യാത്ര ചോദിക്കുന്നുണ്ട്.
മുല്ലപ്പൂക്കളെന്നും
പുതുമണം മാറാതെ
കനവുകള്‍ കണ്ടിരിപ്പാണ്.
മാദക ഗന്ധം പേറിയ
ഒരിലഞ്ഞിപൂവ് ഇന്നും
വഴി തെറ്റി
വന്നു പോയി.
നിലാവില്‍ മുങ്ങി താഴാന്‍
ശ്രമിക്കുന്നുണ്ടൊരു
പെണ്ണ്.
കാറ്റിനെ കെട്ടി വരിഞ്ഞ്
പാലപ്പൂക്കള്‍ക്കിടയിലിട്ട്
കൊഞ്ചിച്ചു കലഹിക്കുന്നുണ്ട്.

മുടിയിഴകളില്‍ ഒതുങ്ങാതെ
പ്രണയം തല തല്ലി താഴെ
ചിതറി തെറിച്ചിട്ടുണ്ട്.
ആര്‍ത്തിയോടെ പുല്‍കുന്നുണ്ട്
പറഞ്ഞു തീരാത്ത പകയോളങ്ങള്‍.
ചിരിച്ചു മയക്കി കൂട്ടി കൊണ്ടുപോകുന്നുണ്ട്
ആരും കാണാത്ത മലമുകളിലെ
ഒറ്റമരതണലിലേയ്ക്ക്.
ആഴങ്ങളിലേയ്ക്ക് മാത്രമായ്
ഒഴുകി തീരുന്നുണ്ടൊറ്റ
മഴ നല്‍കിയ കടല്‍.
നടന്ന് നടന്ന് ഒരു യാത്ര പോകണം.
വീണു കിട്ടുന്ന ഓര്‍മ്മകളെ വാരിയെടുത്ത് കൊഴിഞ്ഞു പോകാതെ ഭദ്രമായ് കൈകളിലൊളിപ്പിക്കണം.
വീണ്ടും നടന്നകലണം.
നിറഞ്ഞു വീണു പോയ ഓര്‍മ്മകളെ തിരിഞ്ഞൊന്ന് നോക്കാതെ നടന്നങ്ങനെ സ്വയം മറക്കണം.
കൊഴിഞ്ഞു കൊഴിഞ്ഞു അവസാനം ബാക്കി വന്ന ഓര്‍മ്മയെ കുറിച്ചു മാത്രം ഓര്‍ക്കണം.
ഒരു ചിരി സമ്മാനിക്കണം.
ഒരു ചാറ്റല്‍ മഴ പോലെ കൊഞ്ചി കൊഞ്ചി ഇല്ലാതായവരുണ്ട്..
ഒപ്പമിരിക്കുന്നവര്‍ പരിഹസിച്ചീടുമെങ്കിലും
തെറ്റൊന്നു കുറയാതെ പറയുന്നിതാ സഖേ
നിന്നോളം വലുതലെനിയ്ക്കെന്‍റെ ശ്വാസവും

ഒടുവില്‍ അത്രമേല്‍ അഴകുള്ള സ്നേഹത്തെ കാട്ടി കൊതിപ്പിച്ചിട്ടകലാം നമ്മുക്കാ കവിതകള്‍ പൂക്കും കിനാവുകളിലേയ്ക്ക്...
..where the wind and the wounds cuddle ♡
പ്രണയം എന്നതിനേക്കാളേറെ
വിഭ്രാന്തമല്ലാ
മറ്റൊരു വിഭ്രാന്തിയും ..!!
ഉറങ്ങാതിരുന്ന് നിന്നെ നോക്കുന്ന നക്ഷത്രമാകണം.
I didn't
wrap my heart
may be that
'Lub-dub' sound
disturbing your dreams
At night.

I didn't
Unwrap my heart
for years.
Blood may
fall for you again.
ഓരോ പ്രാവശ്യവും കാറ്റതീവശക്തിയാല്‍ ഇലകള്‍ പൊഴിച്ചുകൊണ്ടേയിരുന്നു.നഗ്നതയാല്‍ തല താഴ്ത്താതെ ഓരോ നിമിഷവും മരം സ്വയം സ്നേഹിക്കാന്‍ പഠിക്കുകയായിരുന്നു.
രാവണനെ പോലുള്ള ഒരു കാമുകന്‍റെ കാമുകിയാകണം.
കറുത്തപെണ്ണേ..നിന്നോടിങ്ങിനെ ചേര്‍ന്നിരുന്നിട്ടാണീ പൂവിനിത്രയും ചന്തം.
ഉള്ളിലേക്കൊഴുകുമൊരുള്ളുള്ള
പുഴപോല്‍,തപ്പിയും തടവിയും തത്തി കളിച്ചും
ചെറു പാട്ടുമൂളിയുമാ വയല്‍ വരമ്പിനരികെ.
കണ്ടവരുണ്ടോ കാട്ടിലെ തീയായ് എരിഞ്ഞ
കായ്ഫലങ്ങള്‍,
പച്ചയും മഞ്ഞയും ചെറു പുള്ളികളുമായ് കോര്‍ത്തെടുത്തെഴുതിയ കാല്‍പാടുകള്‍.
ഇല്ലിനിയൊരു സംശയമൊന്നുമെ
അല്ലല്ലൊഴിച്ചു ഞാന്‍ ചൊല്ലുന്നതുണ്ടുകേള്‍,
ഭ്രാന്തമായ് ചിന്തിക്കുമെന്നുടെ ചിന്തകള്‍
ഭ്രാന്തിയെന്നുതന്‍ വിളച്ചീടുക നീ മടിയാതെ
ഭ്രാന്തമല്ലോ മമ സ്നേഹങ്ങളൊക്കെയും
ഭ്രമിക്കുന്നതിന്നുമെന്‍ ആത്മനോവാടിക.
പഴിച്ചീടുക നീയുമവര്‍ക്കൊപ്പം
ക്ഷമിച്ചു കൊള്ളാം ഞാനിനിയും നിന്‍ ചെയ്തികള്‍,
കാത്തിരിക്കാം നിന്‍ അകകണ്ണിലെ കാഴ്ചയില്‍
കാലമിന്നേറെ അകലുന്നിതെന്നാലും.
നിറഞ്ഞങ്ങനെ ഒഴുകണം..
പൂത്തു നില്‍ക്കുന്ന പൂമരച്ചോട്ടിലെ മണ്ണിനെ കൊതിപ്പിച്ചോടി ഒളിയ്ക്കണം..
കണ്ണുപൊത്തി കളിയ്ക്കുന്ന തൊട്ടാവാടി കൂട്ടങ്ങളില്‍ ഒന്നാകണം..
അവസാനം..
മുങ്ങാങ്കുഴിയിട്ട് നീന്തി വരുന്ന വെറും തോന്നലുകളായി ഒന്നുമില്ലാതാകണം..
കാത്തിരിയ്ക്കാം..
കനവുകളെഴുതീടാം
കണിക്കൊന്നപൂക്കും
കാലമോമനിയ്ക്കാം...
താഴത്തു തേനൊലിയ്ക്കും
പൂവായ്
വണ്ടിനേകീടാം
മധുരമോര്‍മ്മകള്‍
ഓരോ കാടും,ഓരോ പുഴയും,ഓരോ രാവും എന്നോടൊപ്പം നിന്നില്‍ പിരിഞ്ഞ് പിരിഞ്ഞ് നിന്നെ പിരിയാന്‍ കാത്തുനില്‍ക്കുന്നുണ്ട്.